പെണ്‍കുട്ടി പീഡനത്തിനു ഇരയായ വിവരം അമ്മയെ അറിയിച്ചു; സംസ്‌കാര ചടങ്ങില്‍ കരഞ്ഞ് പ്രതി
അതേസമയം അമ്മയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കൂവെന്ന് അന്വേഷണസംഘം അറിയിച്ചു
പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മകള്‍ ക്രൂരമായി ലൈംഗിക പീഡനത്തിനു ഇരയായ വിവരം അമ്മ അറിഞ്ഞിരുന്നില്ലെന്ന് സൂചന. കസ്റ്റഡിയില്‍ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെയാണ് കുട്ടി പീഡനത്തിനു ഇരയായ വിവരം പൊലീസ് ഉദ്യോഗസ്ഥര്‍ അമ്മയോടു പറഞ്ഞത്. ഇക്കാര്യം തനിക്കു അറിയില്ലായിരുന്നെന്ന് അമ്മ പൊലീസിനോടു പറഞ്ഞതായാണ് വിവരം.
അതേസമയം അമ്മയെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കൂവെന്ന് അന്വേഷണസംഘം അറിയിച്ചു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. മകള്‍ പീഡനത്തിനു ഇരയായിരുന്നെന്ന കാര്യം പൊലീസ് പറഞ്ഞപ്പോള്‍ നിസംഗതയോടെയാണ് അമ്മ കേട്ടിരുന്നത്. പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച അടുത്ത ബന്ധുവിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കിയേക്കും. ഇയാളെ ഇന്നലെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
പിതാവിന്റെ ബന്ധുവാണ് കുട്ടിയെ ലൈംഗികമായി ദുരുപയോഗിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കുട്ടി പീഡനത്തിനു ഇരയായ വിവരം കണ്ടെത്തുന്നത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വര്‍ഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്.
പീഡനം നടത്തിയ കുട്ടിയുടെ പിതാവിന്റെ ബന്ധുവായ യുവാവ് സംസ്‌കാര ചടങ്ങിനു ശേഷം കടന്നുകളയുമോ എന്ന ആശങ്ക പൊലീസിനുണ്ടായിരുന്നു. ഇത് ഒഴിവാക്കാന്‍ എല്ലാ മുന്‍കരുതലുകളും പൊലീസ് സ്വീകരിച്ചു. പ്രതി കെ.വി.സുഹാഷ് ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. പലതവണ കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മരണവാര്‍ത്തയറിഞ്ഞ് കുഞ്ഞിന്റെ പിതാവിനേക്കാള്‍ സുഹാഷിനെ വികാരാധീനനായി കാണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംസ്‌കാരച്ചടങ്ങുകളിലും വിങ്ങിപ്പൊട്ടിയാണ് ഇയാള്‍ പങ്കെടുത്തത്.