തിരുവനന്തപുരം: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ശ്വാസംമുട്ടല്‍ മൂലമാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് എസ്എടി ആശുപത്രി അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ശിശു മരണമാണിത്.
ഫെബ്രുവരി 28 ന് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഈ മരണത്തിന്റെ കൃത്യമായ കാരണവും അധികൃതര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കുഞ്ഞ് പനി ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞിന് മുന്‍കാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ശിശുക്ഷേമ ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്ന് അടുത്തുള്ള ഒരു ലോഡ്ജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന് ആരോപണമുണ്ട്.