പൊങ്ങച്ചം പറയുന്നതിനായി വാർത്താസമ്മേളനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതാത് ദിവസത്തെ കാര്യങ്ങൾ പറയുന്നതിന് മാത്രമായാണ് വാർത്താസമ്മേളനങ്ങൾ ഉപയോഗപ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പ്രിംഗ്‌ളർ ഇടപാട് വിവാദമായതിന് ശേഷം മുഖ്യമന്ത്രി വാർത്താസമ്മേളനങ്ങൾ വേണ്ടെന്ന് വെച്ചത് നേരത്തെ പ്രതിപക്ഷ എംഎൽഎമാരുടെ പരിഹാസത്തിനിടയാക്കിയിരുന്നു. എന്നാൽ കേരളത്തിലെ കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെയാണ് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം വാർത്താസമ്മേളനം മതിയെന്ന് തീരുമാനമുണ്ടായത് എന്നായിരുന്നു ഔദ്യോഗിക പ്രതികരണം. എന്നാൽ ഈ തീരുമാനമാണ് ഇപ്പോൾ മുഖ്യമന്ത്രി തിരുത്തിയത്.വാർത്താസമ്മേളനം നിർത്തിയതിനാൽ കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി കോളുകളാണ് വിദേശത്തുനിന്ന് വരുന്നുവെന്നും അതിനാൽ ലോക്ക്ഡൗൺ തീരുന്നത് വരെ ദിവസേനയുള്ള വാർത്താസമ്മേളനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.