മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ പ്രതിഷേധങ്ങളില്‍ വിശദമായ അന്വേഷണം നടത്തും. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തില്‍ കയറാന്‍ മുന്‍കൂട്ടി തീരുമാനിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടിക്കറ്റെടുക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനത്തില്‍ തന്നെ കയറാന്‍ 12,000 രൂപയുടെ ടിക്കറ്റാണ് മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എടുത്തത്. ഇവര്‍ വിമാനത്തില്‍ കയറിയതിനു ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ച് ഒരു വീഡിയോ ഏഷ്യാനെറ്റ് ന്യൂസിന് അയച്ചു തന്നിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തിനുള്ളില്‍ ഈ സംഭവങ്ങള്‍ അരങ്ങേറുന്നതിനു മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ നടക്കുമെന്ന് തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സംഭവത്തിലെ ഗൂഢാലോചന മുഴുവനായി അന്വേഷിക്കാനാണ് പൊലീസ് തീരുമാനം. ഏഷ്യാനെറ്റിലേക്ക് വീഡിയോ അയച്ചുകൊടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കണ്ടെത്താനും പൊലീസ് വലവിരിച്ചിട്ടുണ്ട്.