സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിഉപയോഗത്തെ സർക്കർ അതീവഗൗരവകരമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരെ നാടാകെ അണിനിരന്നുകൊണ്ട് പ്രതിരോധം തീർക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തികളെ മാത്രമല്ല സമൂഹത്തെയും കുടുംബത്തെയുമാകെ ഇത് വ്യാപകമായി ബാധിക്കും.
ലഹരിമരുന്നിനെ പിൻപറ്റി നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നാടിൻ്റെ സമാധാനം തകർത്തു. ഇത് യുവജനങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു. ഇപ്പോൾ കൂടുതൽ മാരകമായ മയക്കുമരുന്നുകൾ വ്യാപകമായിരിക്കുകയാൺ. ലഹരി ഉപയോഗത്തിനെതിരെ സർക്കാർ തലത്തിൽ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ട്. മയക്കുമരുന്ന് കണ്ടെത്താനും വിതരണശൃംഖല തകർക്കാനും കഴിയുന്നുണ്ട്.
നാടിൻ്റെ ഭാവി യുവജനങ്ങളുടെ കയ്യിലാണ്. മയക്കുമരുന്ന് പ്രതിരോധം തീർക്കാൻ ബഹുമുഖ കർമ്മപദ്ധതി ഒക്ടോബർ 2 ഗാന്ധിദിനത്തിൽ ആരംഭിക്കും. ഇതിനായി യുവാക്കൾ മുന്നണിയിൽ പങ്കുചേരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.