കടല്‍ മണല്‍ ഖനനം നടത്താനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താലും പണിമുടക്കും ആരംഭിച്ചു. രാത്രി 12ന് ആരംഭിച്ച സമരം ഇന്ന് അര്‍ധരാത്രി വരെ തുടരും. പണിമുടക്കില്‍ മത്സ്യമേഖല ഏറെക്കുറെ പൂര്‍ണമായി സ്തംഭിച്ചു. ഫിഷറീസ് ഹാര്‍ബറുകളും ലാന്‍ഡിങ് സെന്ററുകളും അടച്ചു. വഞ്ചികളും ബോട്ടുകളും കടലിലിറങ്ങില്ല. മത്സ്യം കയറ്റുന്ന വാഹനങ്ങളും ഓടില്ല.
പണിമുടക്കിന് മുന്നോടിയായി ഇന്നലെ വൈകീട്ട് തീരദേശത്തുടനീളം പന്തംകൊളുത്തി പ്രകടനം നടന്നു. ഇന്ന് രാവിലെ സംസ്ഥാനത്തെ 125ഓളം മത്സ്യബന്ധന കേന്ദ്രങ്ങളില്‍ സംയുക്ത പ്രകടനങ്ങളും പൊതുയോഗങ്ങളും നടക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പുറമെ, ബോട്ടുടമ- വ്യാപാരി സംഘടനകളും ഐസ് പ്ലാന്റുകളും പണിമുടക്കുമായി സഹകരിക്കുന്നുണ്ട്.