Rahul Mamkootathil: രാജിക്ക് വഴങ്ങാതെ രാഹുല്‍, ഗതികെട്ട് പേരിനൊരു 'സസ്‌പെന്‍ഷന്‍'; മുതിര്‍ന്ന നേതാക്കള്‍ക്കു അതൃപ്തി
എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ തയ്യാറായില്ല
Rahul Mamkootathil: ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയത്.
എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ തയ്യാറായില്ല. തനിക്കെതിരെ പരാതികളൊന്നും നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നും രാഹുല്‍ നിലപാടെടുക്കുകയായിരുന്നു. നിര്‍ബന്ധിച്ചു രാജി എഴുതി വാങ്ങിയാല്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പോലും രാഹുല്‍ കടുത്ത ഭാഷയില്‍ സംസാരിച്ചേക്കാമെന്ന ഭയം ഉള്ളതുകൊണ്ടാണ് കെപിസിസി നേതൃത്വം സസ്‌പെന്‍ഷന്‍ മതിയെന്ന തീരുമാനത്തില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി രൂക്ഷമായിരിക്കുകയാണ്. രമേശ് ചെന്നിത്തല, കെ.സുധാകരന്‍, കെ.മുരളീധരന്‍, ഷാനിമോള്‍ ഉസ്മാന്‍, ഉഷ തോമസ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ നേതാക്കളെല്ലാം രാഹുല്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുള്ളവരാണ്. രാഹുലിനെതിരെ എഐസിസിക്കും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ ഷാഫി പറമ്പില്‍ എംപി മാത്രമാണ് രാഹുലിനെ പൂര്‍ണമായി തള്ളാതെ പ്രതിരോധം തീര്‍ക്കുന്നത്.