പത്തനംതിട്ട: കൊറോണ ബാധിച്ച് ഒന്നരമാസമായി ചികിത്സയിൽ കഴിയുന്ന പത്തനംതിട്ട വടശേരിക്കര സ്വദേശി രോഗമുക്തയായി. തുടര്‍ച്ചയായി രണ്ടാമത്തെ പരിശോധന ഫലവും നെഗറ്റീവ് ആയതോടെയാണ് ഇവർ ഉടൻ തന്നെ ആശുപത്രി വിട്ടുപോകുമെന്നാണ് സൂചന. മാർച്ച് എട്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് മാർച്ച് പത്തിനാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് 45 ദിവസങ്ങളായി ഇവർ ചികിത്സയിലായിരുന്നു.
ചികിത്സയുടെ ഭാഗമായി ഇരുപതോളം തവണ ഇവരെ ടെസ്റ്റിന് വിധേയമാക്കിയെങ്കിലും ഇപ്പോഴാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്. തുടർച്ചയായി രോഗം പോസിറ്റീവായതിനെ തുടർന്ന് ആരോഗ്യവകുപ്പിനെ കുഴക്കിയിരുന്ന കേസായിരുന്നു ഇത്. ആദ്യഘട്ട ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഐവര്‍വെക്ടിന്‍ മരുന്ന് പരീക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.തിങ്കളാഴ്ച മുതല്‍ ശേഖരിച്ച രക്തസ്രവ സാമ്പിളുകളുടെ ഫലമാണ് തുടര്‍ച്ചയായി നെഗറ്റീവായിരിക്കുന്നത്.
ഇറ്റലിയില്‍ നിന്നും റാന്നിയിലെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിലൂടെയാണ് ഇവർക്ക് രോഗഭാധയേറ്റത്. ഇവരുടെ മകള്‍ രണ്ടാഴ്ച മുന്‍പ് രോഗമുക്തി നേടി ആശുപത്രി വിട്ടിരുന്നു.