മലപ്പുറം: പ്രായപൂർത്തി ആകാത്ത അനുജൻ ബൈക്കോടിച്ചപ്പോൾ ബൈക്കുടമയായ ജ്യേഷ്ഠന് കോടതി പിഴയും തടവും വിധിച്ചു. തൃശൂർ തലപ്പിള്ളി അകത്തിയൂർ സ്വദേശിക്കാണ് മഞ്ചേരി കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ 2022 ഫെബ്രുവരി പതിനെട്ടിന് മങ്കട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചത്. പെരിന്തൽമണ്ണ - കോഴിക്കോട് റോഡിൽ ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് സുഹൃത്തിനൊപ്പം കറങ്ങുകയായിരുന്നു അനുജൻ. കൂട്ടത്തിൽ മറ്റൊരു ബൈക്കിൽ മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. എന്നാൽ ഈ ബൈക്കുകൾ റോഡരുകിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയും ഇരു ബൈക്കുകളിലുമായി സഞ്ചരിച്ചിരുന്ന നാല് പേർക്കും പരിക്കേൽക്കുകയും ചെതിരുന്നു. തുടർന്നാണ് സംഭവം കേസായത്.
കോടതി ബൈക്കുടമയ്ക്ക് 30250 രൂപ പിഴയും കോടതി പിരിയുന്നത് വരെ തടവ് ശിക്ഷയും നൽകി. പിഴ അടച്ചില്ലെങ്കിൽ ഒരു മാസത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. കഴിഞ്ഞ ദിവസം പതിനേഴുകാരൻ കാർ ഓടിച്ചതിന് കാർ ഉടമയ്ക്ക് 30250 രൂപാ പിഴ വിധിച്ചിരുന്നു. കരിപ്പൂർ പുളിക്കൽ വലിയ പറമ്പ് നേടിയറത്തിൽ വീട്ടിൽ ഷാഹിനാണ് മഞ്ചേരി കോടതി പിഴ ചുമത്തിയത്.