ബലാത്സംഗകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
അപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ വേണമെന്നാണ് പ്രോസിക്യൂഷനും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെടുന്നത്.
ബലാത്സംഗകേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയാണ് പരിഗണിക്കുന്നത്. അപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ വേണമെന്നാണ് പ്രോസിക്യൂഷനും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും ആവശ്യപ്പെടുന്നത്.
ഇത് അനുവദിക്കണമോ എന്നതിലാവും ആദ്യത്തെ വാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യ അപേക്ഷയില്‍ പറയുന്നു. ഇതിനായി ഡിജിറ്റല്‍ തെളിവുകളും രാഹുല്‍ ഹാജരാക്കിയിരുന്നു. അതേസമയം ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്. നടിയുമായി പോലീസ് സംഘം ഫോണില്‍ സംസാരിച്ചു. രാഹുലിന് കാര്‍ കൊടുത്തത് ഏതു സാഹചര്യത്തിലാണ് പോലീസ് നടിയോട് ചോദിച്ചു. രാഹുല്‍ അടുത്ത സുഹൃത്താണെന്നാണ് നടി പോലീസിന് നല്‍കിയ മറുപടി.
ബംഗളൂരിലുള്ള നടിയെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ക്ക് തേടിയത്. പാലക്കാട് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന് നേരത്തെ തന്നെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ കാര്‍ സിനിമാനടിയുടെതാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. കാറുകള്‍ മാറിമാറി ഉപയോഗിച്ചാണ് രാഹുലിന്റെ യാത്ര എന്നാണ് പോലീസ് കരുതുന്നത്.