Breaking News: രാഹുല്‍ 'ക്ലീന്‍ ബൗള്‍ഡ്'; കെപിസിസിയില്‍ തീരുമാനം, പ്രഖ്യാപനം ഉടന്‍
രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പുറത്താക്കണമെന്ന് കെപിസിസി നേതൃത്വത്തോടു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്
Breaking News: പീഡന കേസില്‍ അറസ്റ്റ് ഭയന്നു ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പുറത്താക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനമായി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ പുറത്താക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം. ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
തദ്ദേശ തിരഞ്ഞെടുപ്പിനു ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാഹുല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്നും ഇനിയും സംരക്ഷണം നല്‍കിയാല്‍ അത് പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്നുമാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ പുറത്താക്കണമെന്ന് കെപിസിസി നേതൃത്വത്തോടു ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എംഎല്‍എയ്‌ക്കെതിരെ ആരോപണം മാത്രമാണുള്ളതെന്നും പൊലീസില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പറഞ്ഞാണ് കോണ്‍ഗ്രസ് പ്രതിരോധം തീര്‍ത്തിരുന്നത്. എന്നാല്‍ ഇരയായ യുവതി പൊലീസില്‍ പരാതിപ്പെടുകയും ഗുരുതര വകുപ്പുകള്‍ അടക്കം ചേര്‍ത്ത് കേസെടുക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി പ്രതിരോധിക്കുക സാധ്യമല്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു അഞ്ച് മാസം കൂടി ശേഷിക്കെ എംഎല്‍എ സ്ഥാനം ഒഴിയുന്നതില്‍ പ്രസക്തിയില്ലെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാട്. യുഡിഎഫിലെ ഘടകകക്ഷികളും രാഹുലിനെ പുറത്താക്കിയില്ലെങ്കില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടുമെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യം നിഷേധിക്കുകയാണെങ്കില്‍ ഉടന്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തും.