ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്
പത്തനംതിട്ട ജില്ലാ കോടതി ഉച്ചയ്ക്ക് ശേഷമാകും കേസ് പരിഗണിക്കുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ കോടതി ഉച്ചയ്ക്ക് ശേഷമാകും കേസ് പരിഗണിക്കുന്നത്. ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് ഉണ്ടെന്നും കാട്ടിയാണ് എസ് ജയശ്രീ കോടതിയെ സമീപിച്ചത്. ജയശ്രീ ഇതു പറഞ്ഞ് നേരത്തെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിക്ക് മുന്നില്‍ ഹാജരാവാന്‍ സാവകാശം തേടി എന്‍ വാസുവും അപേക്ഷ നല്‍കി. ഹാജരാകണമെന്ന എസ് ഐ ടി യുടെ നോട്ടീസിന് ദേവസ്വം പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു ആരോഗ്യപ്രശ്നങ്ങള്‍ കാണിച്ചാണ് അസൗകര്യം അറിയിച്ചത്. എന്നാല്‍ സാവകാശം നല്‍കാനാകില്ലെന്നാണ് എസ് ഐ ടി യുടെ നിലപാട്. രണ്ടാംഘട്ടം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വാസുവിന് നോട്ടീസ് നല്‍കിയത്.
അതേസമയം ശബരിമലയിലും എരുമേലിയിലും രാസവസ്തുക്കള്‍ അടങ്ങിയ കുങ്കുമം, പ്ലാസ്റ്റിക് സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു. ഇത് ഉറപ്പാക്കാന്‍ ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. മണ്ഡല തീര്‍ത്ഥാടനകാലത്ത് സ്റ്റേജിംഗ് ഏരിയകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടെ ഹൈക്കോടതി സ്വമേധയാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു.