സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യത; പുതിയ വകഭേദങ്ങള്‍ക്ക് വ്യാപന ശേഷി കൂടുതല്‍
ഇതിന്റെ പ്രതികരണം സംസ്ഥാനത്തും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. പുതിയ വകഭേദങ്ങള്‍ക്ക് വ്യാപന ശേഷി കൂടുതലാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയതോതില്‍ ഉയരുന്നുണ്ട്. ഇതിന്റെ പ്രതികരണം സംസ്ഥാനത്തും പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. ഒമിക്രോണ്‍ ജെ എന്‍ വണ്‍ വകഭേദങ്ങളായ എല്‍എഫ് 7 , എന്‍ബി 1.8 എന്നിവയാണ് വ്യാപിക്കുന്നത്.
ഇവയ്ക്ക് വ്യാപനശേഷി കൂടുതലാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കൂടാതെ പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്.
മെയ് മാസത്തില്‍ 182 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.