കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതിരോധ ക്യാംപയ്‌നുകളുമായി കേരളം. ടെസ്റ്റിങ് ക്യാംപയ്ന്‍, വാക്‌സിന്‍ ക്യാംപയ്ന്‍, എന്‍ഫോഴ്‌സ്‌മെന്റ് ക്യാംപയ്ന്‍ എന്നിവ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
അടുത്ത രണ്ട് ദിവസം മെഗാ ടെസ്റ്റിങ് ക്യാംപയ്ന്‍ നടത്തും. രണ്ട് മുതല്‍ രണ്ടര ലക്ഷം വരെ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കും.
വാക്‌സിന്‍ വിതരണവും ശക്തമാക്കും. ഇതുവരെ 50 ലക്ഷം ഫസ്റ്റ് ഡോസ് നല്‍കി. കേരളത്തില്‍ ഇനി ബാക്കിയുള്ളത് ഏഴ് ലക്ഷം ഡോസുകള്‍ മാത്രം. അടിയന്തരമായി ഒരു കോടി വാക്‌സിന്‍ ഡോസുകള്‍ എങ്കിലും കേരളത്തിനു ലഭിക്കണം. ഉടന്‍ തന്നെ ഇതു ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് പറഞ്ഞു.
സമ്പൂര്‍ണ ലോക്ഡൗണ്‍ ഇപ്പോള്‍ ആലോചനയിലില്ല. നിയന്ത്രണം കടുപ്പിക്കും.
കടകളും വ്യാപാരസ്ഥാപനങ്ങളും ഒന്‍പത് മണിക്ക് തന്നെ അടയ്ക്കണം. ഇത് ബാറുകള്‍ക്കും ബാധകമാണ്.
പൊതുപരിപാടികളും ചടങ്ങുകളും ജില്ലാ കലക്ടറെ അറിയിക്കണം. അനുമതിയെടുക്കണമെന്നല്ല അറിയിക്കുകയാണ് വേണ്ടതെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. വിവാഹം പോലെയുള്ള ചടങ്ങുകള്‍ക്കും ഇനി ജില്ലാ കലക്ടറെ അറിയിക്കണം. ഇത്തരം സ്ഥലങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനമുണ്ടോ എന്ന് പരിശോധിക്കാനാണിത്.
ട്യൂഷന്‍ ക്ലാസുകളില്‍ നിയന്ത്രണം വേണം. കുട്ടികള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
വ്യാപാരസ്ഥാപനങ്ങളും കടകളും ഹോട്ടലുകളും ഓണ്‍ലൈന്‍ ഡെലിവറി പ്രോത്സാഹിപ്പിക്കണം. അത്യാവശ്യത്തിനു മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ.
തൃശൂര്‍ പൂരം നിലവില്‍ സ്വീകരച്ചിരിക്കുന്ന മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് നടക്കും.
ബസുകളില്‍ നിന്നുകൊണ്ട് യാത്ര ചെയ്യുന്നത് അനുവദിക്കില്ല. സിനിമ തിയറ്ററുകള്‍ 50 ശതമാനം ഒക്യുപന്‍സിയോടെ പ്രവര്‍ത്തിക്കാം. തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോ ഇല്ല. തിയറ്ററുകളും ഒന്‍പത് മണിക്ക് അടയ്ക്കണം.
പൊതുപരിപാടികളിൽ 100 പേർ മാത്രം, പരമാവധി 50 മുതൽ 100 വരെ പേർക്ക് പ്രവേശനം.
മാളുകളിൽ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാക്സിൻ രണ്ട് ഡോസ് എടുത്തവർക്കും മാളുകളിൽ പ്രവേശിക്കാം.