പാര്‍ട്ടി ഓഫീസില്‍ കുത്തിയിരുന്ന് സിപിഎം പ്രവര്‍ത്തകര്‍; പ്രതിഷേധിക്കാന്‍ വന്ന ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞോടി (വീഡിയോ)
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ച് പൊലീസ് തടഞ്ഞു
തൃശൂര്‍ എംപി സുരേഷ് ഗോപിക്കെതിരെ വോട്ട് അട്ടിമറി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിഷേധം കനക്കുന്നു. സുരേഷ് ഗോപിയുടെ എംപി ഓഫീസിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ തൃശൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള ബിജെപി മാര്‍ച്ച് പൊലീസ് തടഞ്ഞു. ബിജെപിയുടെ മാര്‍ച്ചിനെ കുറിച്ച് അറിവ് ലഭിച്ചതോടെ ജില്ലയിലെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി ഓഫീസിലേക്ക് എത്തി. പാര്‍ട്ടി ഓഫീസിനു പുറത്ത് കുത്തിയിരുന്ന് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി മാര്‍ച്ചിനു മറുപടി നല്‍കി.
ബിജെപി മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ തീപ്പന്തമെറിഞ്ഞ് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ബിജെപി പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും കൈയാങ്കളിയുടെ വക്കോളമെത്തി. പാര്‍ട്ടി ഓഫീസിനു നൂറ് മീറ്റര്‍ അകലെ ബിജെപി മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ കാര്യങ്ങള്‍ വഷളാകാതെ തീര്‍ന്നു. ഏതാനും ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.