കാസർകോട് ഇരട്ടക്കൊലപാതക കേസിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം എ പീതാംമ്പരന്റെ(45) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആറു പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് പ്രേരണനല്‍കിയത് പീതാംബരനാണെന്നും ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌പി എ ശ്രീനിവാസ് പറഞ്ഞു.
ചൊവ്വാഴ്‌ച ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് തെളിവുകളും മൊഴികളും വിലയിരുത്തി. ഇതിനു പിന്നാലെയായിരുന്നു അറസ്‌റ്റ്. പ്രതികൾ സഞ്ചരിച്ച വാഹനം തിരിച്ചറിഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പീതാംബരന്‍ മുഖ്യ ആസൂത്രകനാണെന്നാണ് വിവരം. ഇക്കാര്യം ചോദ്യംചെയ്യലില്‍ പീതാംബരന്‍ സമ്മതിച്ചതായും സൂചനയുണ്ട്.
പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ പൊലീസ് കസ്‌റ്റഡിയിലെടുത്തു. കെഎല്‍ 14 ജെ 5683 സൈലോ ആണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. എച്ചിലോട്ട് സ്വദേശി സജി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള വണ്ടിയാണ് ഇത്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന പീതാംബരനെ തിങ്കളാഴ്‌ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ പോയ പീതാംബരനെ കാസർകോട് - കർണാടക അതിർത്തി പ്രദേശത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.