മദ്യ ലഹരിയിൽ അമ്മയെ മർദ്ദിച്ച് മകൻ, വീഡിയോ വൈറൽ; പരാതി നൽകാൻ അമ്മ തയ്യാറായില്ല, സ്വമേധയാ കേസെടുത്ത് പൊലീസ്
മക്കളുടെ ചവിട്ടും തൊഴിയും പേടിച്ച് അച്ഛനും അമ്മയും കഴിയുന്നത് അടുത്ത വീട്ടിലെ പശുത്തൊഴുത്തിൽ
വയനാട്ടിൽ മാതാവിനെ മദ്യ ലഹരിയിൽ ക്രൂരമായി മർദ്ദിച്ച് മകൻ. മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം നടന്നത്. പാതിരി തുരുത്തിപ്പള്ളി മെൽബിൻ തോമസ് ആണ് അറസ്റ്റിലായത്. മെൽബിന്റെ മർദ്ദനത്തിൽ മാതാവ് വത്സലയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതോടകം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അയൽവാസികളാണ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. ഇതിന് പിന്നാലെയാണ് പൊലീസിനെ വിവരം അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകനെതിരെ പരാതി നൽകാൻ അമ്മ തയ്യാറായില്ല. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മെൽബിൻ തോമസ് അമിതമായി മദ്യപിച്ചെത്തിയാണ് മാതാവിനെ മർദ്ദിച്ചത്. ഇത്തരത്തിൽ മെൽബിൻ പിതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. മെൽബിനും സഹോദരൻ ആൽബിനും സ്ഥിരമായി മാതാപിതാക്കളെ മർദ്ദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. മക്കളുടെ മർദ്ദനം ഭയന്ന് കഴിഞ്ഞ കുറേ നാളുകളായി അടുത്ത വീട്ടിലെ പശുത്തൊഴുത്തിലാണ് മാതാപിതാക്കൾ കിടന്നുറങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.