എറണാകുളം: ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിക്കുന്നവർക്ക് നിക്ഷേപിച്ച തുകയുടെ മൂന്നിരട്ടി തുക മാസങ്ങൾക്കുള്ളിൽ ലഭിക്കും എന്ന് വിശ്വസിപ്പിച്ചു ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ. മൂവാറ്റുപുഴ തിരുമാറാടി സ്വദേശി ഇടപ്പറമ്പിൽ വിനോദ് എന്ന 53 കാരനാണ് പിടിയിലായത്.
പണം നിക്ഷേപിച്ചവർക്ക് തുടക്കത്തിൽ നല്ല തുക ലഭിച്ചു. തുടർന്ന് ഇവർ കൂടുതൽ പേരെ ചേർക്കുകയും ചെയ്തു. ഇങ്ങനെ ആളെ ചേർക്കുന്നവർക്ക് കമ്മീഷൻ നൽകിയിരുന്നു. എന്നാൽ ഒരു സമയമായപ്പോൾ പണം ലഭിക്കാതെ വന്നു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇത്തരത്തിൽ അല്ലപ്ര സ്വദേശി സെന്തിൽ കുമാർ, ഇരിങ്ങോൾ സ്വദേശി ഹരി നായർ എന്നിവർക്കാണ് യഥാക്രമം 9 ലക്ഷവും അഞ്ചര ലക്ഷവും 20 ലക്ഷം രൂപയുടെ സ്വർണ്ണവും നഷ്ടമായത്.
ലണ്ടൻ ആസ്ഥാനമായ ഡീൽ എഫ്.എക്സ് കമ്പനിയുടെ ഇന്ത്യയിലെ ഫാസ്റ്റ് പ്രമോട്ടർ കം ചെയർമാൻ ആണെന്ന് പരിചയപ്പെടുത്തിയായിരുന്നു പണം നിക്ഷേപമായി വിനോദ് സ്വീകരിച്ചത്. ഇതിനൊപ്പം ബിസിനസ്സ് മീറ്റ് എന്ന പേരിലും പലരിൽ നിന്ന് ഇയാൾ പണം സ്വീകരിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ സമാന രീതിയിൽ ഏറ്റുമാനൂർ, കോട്ടപ്പടി, പാലാ എന്നീ പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.