Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്
Divya S Iyer: ദിവ്യ നടത്തിയ പരാമര്‍ശം ഒരു പ്രൊഫഷണല്‍ എന്ന നിലയിലുള്ളതാണ്
Divya S Iyer: ദിവ്യ എസ് അയ്യര്‍ ഐഎഎസിനെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസില്‍ രണ്ട് ചേരി. വിവാദം അനാവശ്യമാണെന്നും ദിവ്യക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണം അപലപനീയമെന്നും ഒരു വിഭാഗം നേതാക്കള്‍.
ദിവ്യ നടത്തിയ പരാമര്‍ശം ഒരു പ്രൊഫഷണല്‍ എന്ന നിലയിലുള്ളതാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥ പുകഴ്ത്തിയതില്‍ തെറ്റൊന്നും ഇല്ല. ദിവ്യക്കെതിരെ സൈബര്‍ ആക്രമണം നടത്തുമ്പോള്‍ അതിനെ അപലപിക്കാന്‍ പാര്‍ട്ടി നേതൃത്വം തുടക്കത്തിലേ തയ്യാറാകണമായിരുന്നെന്നും ചില നേതാക്കള്‍ക്കു അഭിപ്രായമുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവ്യക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ചു. ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ ദിവ്യ നടത്തിയ പരാമര്‍ശത്തെ ദുരുദ്ദേശപരമായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അഭിപ്രായം.
പിണറായി വിജയനു പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസും ദിവ്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'ദിവ്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സിപിഎമ്മിനു സ്തുതി പാടുന്നു' എന്നാണ് കോണ്‍ഗ്രസ് ഹാന്‍ഡിലുകളുടെ വിമര്‍ശനം. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ക്കു അപ്പുറം ദിവ്യയുടെ കുടുംബത്തെ അടക്കം അധിക്ഷേപിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നുണ്ട്.