പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്
Divya S Iyer, Congress Cyber Attack: പിണറായി വിജയനു പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് മുരളീധരന്‍ വിമര്‍ശിച്ചിരുന്നു
Divya S Iyer and KK Ragesh
ദിവ്യ എസ് അയ്യര്‍ ഐഎഎസിനെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്. ദിവ്യയെ അധിക്ഷേപിക്കുന്ന കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ ഇത്തരം അധിക്ഷേപ വാക്കുകള്‍ ഉപയോഗിക്കുന്നത് ഭൂഷണമാണോ എന്നു ചിന്തിക്കണമെന്ന് രാഗേഷ് പറഞ്ഞു.
'ഇത്തരം അഭിപ്രായം പറയുന്ന ആള്‍ക്കാരുടെ മുന്‍തലമുറയിപ്പെട്ട തലമുതിര്‍ന്ന നേതാക്കളുണ്ട്. ആ നേതാക്കള്‍ രാഷ്ട്രീയ എതിരാളികളോടു കാണിച്ചിരുന്ന പരസ്പര ബഹുമാനം എന്തായിരുന്നു എന്നുള്ളത് സ്വയം പഠിക്കുന്നത് നല്ലതായിരിക്കും. പരസ്പര ബഹുമാനത്തോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. അധിക്ഷേപിക്കുന്ന രാഷ്ട്രീയം പ്രാകൃതമാണ്. വിദ്വേഷത്തിന്റെ രാഷ്ട്രീയമാണത്, ആ രാഷ്ട്രീയമല്ല ബന്ധപ്പെട്ടവര് കൈകാര്യം ചെയ്യേണ്ടത് എന്നാണ് പറയാനുള്ളത്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ വിധത്തിലാണ് അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നാണ് എനിക്കു പറയാനുള്ളത്. കെ.മുരളീധരന്‍ ഒരു പാര്‍ലമെന്റ് അംഗമാണ്, അദ്ദേഹം സ്വയം ആലോചിക്കുക ഇത്തരത്തിലുള്ള അധിക്ഷേപ വാക്കുകള്‍ പറയുന്നത് അദ്ദേഹത്തിനു ഭൂഷണമാണോ അദ്ദേഹത്തിനു നല്ലതാണോ എന്ന് അദ്ദേഹം സ്വയം ആലോചിക്കുക. ഒരു ഉദ്യോഗസ്ഥ എന്നു പറയുമ്പോള്‍, ഉദ്യോഗസ്ഥര് പ്രൊഫഷണല്‍ ആയിട്ടാണ്. ഇപ്പോ ഡോ.ദിവ്യ എസ് അയ്യര് പറഞ്ഞിട്ടുള്ള വാചകങ്ങള്‍ ഞാന്‍ കണ്ടതാ. ഞാന്‍ സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ആയതിനെ കുറിച്ചല്ല അവര്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇരിക്കുന്ന ഘട്ടത്തില്‍ എന്റെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് അവര്‍ ഒരു അഭിപ്രായം പറഞ്ഞു എന്നുള്ളത് എന്നു മാത്രമേയുള്ളൂ. അത് തികച്ചും പ്രൊഫഷണല്‍ ആയിട്ടുള്ള ഒരു അഭിപ്രായമാണ്,' രാഗേഷ് പറഞ്ഞു.
പിണറായി വിജയനു പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥയാണ് ദിവ്യ എസ് അയ്യരെന്ന് മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസും ദിവ്യക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'ദിവ്യ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് സിപിഎമ്മിനു സ്തുതി പാടുന്നു' എന്നാണ് കോണ്‍ഗ്രസ് ഹാന്‍ഡിലുകളുടെ വിമര്‍ശനം. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ക്കു അപ്പുറം ദിവ്യയുടെ കുടുംബത്തെ അടക്കം അധിക്ഷേപിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് അനുയായികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നുണ്ട്.