Publish Date: Fri, 04 Dec 2020 (07:31 IST)
Updated Date: Fri, 04 Dec 2020 (07:40 IST)
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. തീവ്രന്യുനമർദ്ദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ഇന്ന് പുലർച്ചെയോടെയാണ് ബുറേവി തൂത്തുക്കുടി തിരം വഴി തമിഴ്‌നാട്ടിലേയ്ക്ക് പ്രവേശിച്ചത്. തമിഴ്നാട് തീരം തൊടുന്നതിന് മുൻപ് തന്നെ ബുറേവി തിവ്രതകുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയിരുന്നു. കേരളത്തിലേയ്ക്കെത്തുമ്പോൾ തിവ്രത ഇനിയും കുറയും എന്നാണ് കണക്കാക്കപ്പെടുന്നത്. തിരുവനന്തപുരം കൊല്ലം അതിർത്തികളിലൂടെ കടന്ന് അറബിക്കടലിലേയ്ക്കാണ് കാറ്റ് പതിയ്ക്കുക.
കേരളത്തിൽ എത്തുമ്പോൾ കാറ്റിംന്റെ വേഗം 30 മുതൽ 40 കിലോമീറ്റർ വരെ മാത്രമായിരിയ്കും എന്നാണ് നിരീക്ഷണം. ബുറേവി തീവ്ര ന്യുനമർദ്ദമായി കേരളത്തിൽ പ്രവേശിയ്ക്കുന്നതോടെ ശക്തമായ കറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ കാറ്റുവീശാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം എറണാകുളം എന്നി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഴ പെയ്യാം. ഈ ജില്ലകളീൽ യെല്ലോ അലർട്ട് പ്രഖ്യപിച്ചു.