Delhi Election 2025: വരുമോ ബിജെപി? ഡല്‍ഹി നാളെ വിധിയെഴുതും
ഫെബ്രുവരി എട്ടിനു രാവിലെ എട്ട് മുതല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും
Delhi Election 2025: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ. ബുധനാഴ്ച രാവിലെ വോട്ടെടുപ്പ് ആരംഭിക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആം ആദ്മിയും നീണ്ട ഇടവേളയ്ക്കു ശേഷം ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയുമാണ് പ്രധാനമായും മത്സരരംഗത്ത് ഉള്ളത്. കോണ്‍ഗ്രസ് പിടിക്കുന്നവ വോട്ടുകളും നിര്‍ണായകമാകും.
ഫെബ്രുവരി എട്ടിനു രാവിലെ എട്ട് മുതല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. 70 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ 36 സീറ്റുകളാണ് ഭരണം പിടിക്കാന്‍ ആവശ്യം. 2015, 2020 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ജയിച്ച് തുടര്‍ച്ചയായി രണ്ട് തവണ അധികാരത്തിലെത്തിയ ആം ആദ്മിക്ക് ഇത്തവണ കൂടി കേവല ഭൂരിപക്ഷം നേടാനായാല്‍ ഹാട്രിക് നേട്ടമാകും. അതേസമയം 2015 വരെ തുടര്‍ച്ചയായ മൂന്ന് ടേമുകള്‍ ഭരിച്ച കോണ്‍ഗ്രസിനും ഇത്തവണത്തേത് അഭിമാന പോരാട്ടമാണ്. ബിജെപിക്ക് ഡല്‍ഹിയിലെ ഭരണം ലഭിച്ചിട്ട് 27 വര്‍ഷം കഴിഞ്ഞു.
2020 ല്‍ 62 സീറ്റുകള്‍ നേടിയാണ് ആം ആദ്മി അധികാരത്തുടര്‍ച്ച സ്വന്തമാക്കിയത്. ബിജെപിക്ക് ലഭിച്ചത് വെറും എട്ട് സീറ്റുകള്‍. ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. ഇത്തവണ ബിജെപിക്ക് ഉറപ്പായും രണ്ടക്കം കടക്കുമെന്നാണ് പ്രവചനം.