വലഞ്ഞ് ജനം: കെ.എസ്.ആര്‍.ടി.സി ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു, ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
കെ.എസ്.ആര്‍.ടി.സിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് ആരംഭിച്ചു. തിങ്കള്‍ അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ധരാത്രി വരെയുണ്ടാകും. പണിമുടക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. അതേസമയം ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു പണിമുടക്ക് അട്ടിമറിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും ടിഡിഎഫ് സംസ്ഥാന നേതൃത്വം അറിയിച്ചു.
12 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. എല്ലാ മാസവും ഒന്നാം തിയതി ശമ്പളം വിതരണം ചെയ്യണമെന്നതാണ് പ്രധാന ആവശ്യം. ഡിഎ കുടിശിക പൂര്‍ണമായി അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക തുടങ്ങിയവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍.