Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുര കത്തുമ്പോൾ വാഴ വെട്ടാനിറങ്ങരുത്; കെ സുരേന്ദ്രനോട് ഡോക്ടർ

ഇന്‍ഫോ ക്ലിനിക് കൂട്ടായ്മയിലെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് ആണ് സുരേന്ദ്രന് മറുപടി നല്‍കിയത്.

പുര കത്തുമ്പോൾ വാഴ വെട്ടാനിറങ്ങരുത്; കെ സുരേന്ദ്രനോട് ഡോക്ടർ
, ചൊവ്വ, 4 ജൂണ്‍ 2019 (10:56 IST)
നിപ്പ ഭീതിയുടെ സാഹചര്യത്തില്‍ വൈറോളജി ലാബിന്റെ പേരില്‍ സര്‍ക്കാരിനെയും ആരോഗ്യ വകുപ്പിനെയും വിമര്‍ശിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി ഒരു ഡോക്ടർ. ഇന്‍ഫോ ക്ലിനിക് കൂട്ടായ്മയിലെ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് ആണ് സുരേന്ദ്രന് മറുപടി നല്‍കിയത്.ഇത് രാഷ്ട്രീയം പറയേണ്ട അവസരമല്ലെന്നും അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും സുരേന്ദ്രനോട് നെല്‍സണ്‍ ജോസഫ് ആവശ്യപ്പെട്ടു. പുര കത്തുന്നെന്ന് ഫ്‌ളാഷ് ന്യൂസ് കാണുമ്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുതെന്നും നെല്‍സണ്‍ സുരേന്ദ്രനോട് പറഞ്ഞു.
 
നെല്‍സണ്‍ ജോസഫിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം
 
ബഹുമാനപ്പെട്ട കെ.സുരേന്ദ്രന്‍ ജീ,
 
താങ്കളുടെ പോസ്റ്റ് വായിക്കുവാനിടയായി.
 
തീര്‍ച്ചയായും, കഴിഞ്ഞ വര്‍ഷം ജനങ്ങളുടെയിടയില്‍ അത്യധികം ഭീതിയും പരിഭ്രാന്തിയും വിതച്ച ഒരു രോഗമാണ് നിപ്പ. ഒരു പരിധി വരെ അതിനു കാരണം അജ്ഞതയും അബദ്ധസന്ദേശങ്ങളുമായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.
 
25 പേരില്‍ താഴെ മാത്രം മരണമുണ്ടായ നിപ്പയ്ക്ക് വര്‍ഷം നാലായിരം പേര്‍ മരിക്കുവാനിടയാവുന്ന, എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന വാഹനാപകടങ്ങളെക്കാള്‍ നൂറിരട്ടി ഭീതി പരത്താന്‍ കഴിയുന്നുവെന്നതുകൊണ്ടാണ് അത്തരമൊരു നിഗമനത്തിലെത്താന്‍ എന്നെ പ്രേരിപ്പിച്ചത്.
 
തികച്ചും അപരിചിതമായ ഒരു രോഗമായിരുന്നു അന്ന് അത് എന്ന വാസ്തവം കണ്ണടച്ചാല്‍ മാറുന്നതല്ല. അപരിചിതത്വം ഉണ്ടായിരുന്നിട്ടുതന്നെ ഫലപ്രദമായി അതിനെ പ്രതിരോധിക്കാനും തടയാനും കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെയും വിവിധ തലത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും കൂട്ടായ ശ്രമഫലമായാണ്.
 
കേരളം നമ്പര്‍ വണ്‍ ആയതും ആവുന്നതും അങ്ങനെ തുടരുന്നതും ആ കൂട്ടായ ശ്രമത്തിലൂടെയാണ്. പകര്‍ച്ചവ്യാധികള്‍ പോലെയുള്ള സാഹചര്യമുണ്ടാവുമ്പോള്‍ ശരിയായ വിവരങ്ങള്‍ മാത്രം നല്‍കുവാനും ഊഹാപോഹങ്ങള്‍ ഒഴിവാക്കുവാനും ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നത് അവിടെയാണ്.
 
സ്വഭാവികമായും ഒരു തവണ ഒരു രോഗത്തിന്റെ സാന്നിദ്ധ്യമുണ്ടായാല്‍ സമാന ലക്ഷണങ്ങള്‍ കാണുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആ രോഗത്തിന്റെ സാന്നിദ്ധ്യം സംശയിക്കും. അതിനര്‍ഥം രോഗം വീണ്ടും പൊട്ടിപ്പുറപ്പെട്ടുവെന്നോ എല്ലാം ഇന്ന് അവസാനിക്കുമെന്നോ അല്ല.
 
ഇനിയും നിപ്പ വന്നാല്‍ തന്നെ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നും എന്തെല്ലാം സജ്ജീകരണങ്ങളാണ് കരുതേണ്ടതെന്നതിന്റെയും വ്യക്തമായ രൂപരേഖ നമ്മുടെ മുന്നിലുണ്ട്. ലക്ഷണങ്ങളും പ്രതിരോധമാര്‍ഗങ്ങളുമുണ്ട്. സ്വീകരിക്കേണ്ട മുന്‍ കരുതലുകളുണ്ട്.
 
ആരോഗ്യവകുപ്പ് അവര്‍ സ്വീകരിച്ച മുന്‍ കരുതലുകള്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിപ്പ കഴിഞ്ഞ തവണ ചികില്‍സിച്ച് പരിചയമുള്ള ഡോക്ടര്‍മാര്‍ എറണാകുളത്തേക്ക് യാത്ര തുടങ്ങിക്കഴിഞ്ഞു.
 
ദയവ് ചെയ്ത് അനാവശ്യ പരിഭ്രാന്തിയുണ്ടെന്ന് വരുത്തിത്തീര്‍ക്കരുത്.
ഇത് രാഷ്ട്രീയം പറയേണ്ട അവസരമല്ലെന്ന് മനസിലാക്കുമല്ലോ..
 
പുര കത്തുന്നെന്ന് ഫ്‌ലാഷ് ന്യൂസ് കാണുമ്പൊ ശരിയാണോന്ന് പോലും ഉറപ്പിക്കാതെ വാഴ വെട്ടാനിറങ്ങരുത്
 
ഊഹാപോഹങ്ങള്‍ കാട്ടുതീ പോലെയാണ്. പെട്ടെന്ന് പടരും, നാശനഷ്ടങ്ങളുണ്ടാക്കും. ദയവു ചെയ്ത് മനസിലാക്കുക..
 
താങ്കള്‍ക്ക് ജനങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായ ആശങ്കയുണ്ടെങ്കില്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അവരെ അറിയിക്കുക
 
നന്ദി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ; ആശുപത്രിയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ