‘അന്ന് സിനിമയ്ക്ക് അവാര്‍ഡ് കിട്ടാത്തതിന്റെ പേരില്‍ ജൂറിയംഗമായ എന്നെ ഫോണ്‍ വിളിച്ച് തെറി വിളിച്ചയാളാ പറയുന്നത് ഞാന്‍ സിനിമ എടുക്കുന്നത് അവാര്‍ഡിന് വേണ്ടിയല്ലെന്ന്’ - ജോയ് മാത്യുവിനെ ട്രോളി ബിജു
പുരസ്ക്കാരത്തെ ചൊല്ലി സംവിധായകർ തമ്മിൽ തല്ല്
ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച പുരസ്‌കാര ജേതാക്കളുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയി മാത്യു രംഗത്തെത്തിയിരുന്നു. സിനിമാമേഖലയിലുള്ളവർ യേശുദാസിനേയും ജയരാജനേയും വിമർശിക്കുമ്പോൾ അവരെ പിന്തുണച്ച ജോയ് മാത്യുവിന്റെ നിലപാടിനെതിരെ സംവിധായകൻ ഡോ. ബിജു.
അന്ന് തന്റെ സിനിമയ്ക്ക് പുരസ്കാരം കിട്ടിയില്ലെന്ന് പറഞ്ഞ് ജൂറിയംഗമായ തന്നെ ഫോണിൽ വിളിച്ച് തെറി പറയുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്ത ആളാണ് താൻ സിനിമ എടുക്കുന്നത് അവാർഡിന് വേണ്ടി പറയുന്നതെന്ന് ബിജു ഫേസ്ബുക്കിൽ കുറിച്ചു.
അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്നായിരുന്നു ജോയി മാത്യു പറഞ്ഞത്.
ഡോ. ബിജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
അവാര്‍ഡിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടന്‍. ഇന്നലെ അവാര്‍ഡ് ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവര്‍ത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം. സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്ന് സംശയം. കാര്യം മറ്റൊന്നുമല്ല. 2012 ല്‍ ദേശീയ പുരസ്‌കാര ജൂറിയില്‍ ഞാനും അംഗമായിരുന്നു. അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയില്‍ ഇതേ ദേഹം എന്നെ ഫോണില്‍ വിളിച്ചിരുന്നു.
അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വര്‍ഷം അവാര്‍ഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീര്‍ത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്…അല്ല ഞാന്‍ ഫോണ് കട്ട് ചെയ്യുകയായിരുന്നു…എന്നെ തെറി വിളിക്കുകയും ഭീഷണി പ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ ഞാന്‍ കൊടുത്ത കേസില്‍ അദ്ദേഹം ജാമ്യം എടുത്തു.
കേസ് ഇപ്പോഴും തുടരുന്നു…തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്നതിന്റെ പേരില്‍ ജൂറി മെമ്പറെ ഫോണില്‍ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അതേ ദേഹം ഇതാ ഇപ്പോള്‍ പറയുന്നു. ഞാന്‍ അവാര്ഡുകള്‍ക്ക് വേണ്ടിയല്ല ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമ ചെയ്യുന്നത്..ഒപ്പം ഇത്തവണ ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും… ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയില്‍ കേസിന്റെ അടുത്ത അവധിക്ക് കാണാം.