1. കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഗിയര്‍ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോര്‍ സൈക്കിളുകളില്‍ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ക്ക് കാലുകൊണ്ട് ഗിയര്‍ സെലക്ഷന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാല്‍ മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്ന വിഭാഗത്തിന് ഇനി മുതല്‍ കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്ക് മുകളില്‍ എഞ്ചിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ.
2. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായതിനാല്‍ ഡ്രൈവിംഗ് സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ക്കുന്ന വാഹനങ്ങളുടെ പ്രായം 15 വര്‍ഷമായി നിജപ്പെടുത്തും. ഇത്തരം പഴയ വാഹനങ്ങള്‍ 1-5-2024 ന് മുന്‍പായി മാറ്റി 15 വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ള വാഹനങ്ങള്‍ ലൈസന്‍സില്‍ ചേര്‍ക്കേണ്ടതുമാണ്.
3. നിലവില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് നേടുന്നതിനുള്ള കേന്ദ്ര മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള നിബന്ധനങ്ങള്‍ ഓട്ടോമാറ്റിക് / ഇലക്ട്രിക്കല്‍ വാഹനങ്ങളില്‍ ടെസ്റ്റ് നടത്തുമ്പോള്‍ പരിശോധിക്കാന്‍ കഴിയില്ല.മാത്രമല്ല ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാന്വല്‍ ഗിയര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന്ന് സാധിക്കുകയില്ല. ആയതിനാല്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിന്റെ ടെസ്റ്റിന് ഓട്ടോമാറ്റിക് / ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
4. മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ പാര്‍ട്ട് 2 റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡില്‍ തന്നെ നടത്താന്‍ നിര്‍ദ്ദേശം നല്‍കുന്നു.
5. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ പാര്‍ട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ് ) ആംഗുലാര്‍ പാര്‍ക്കിങ്ങ് ,പാരലല്‍ പാര്‍ക്കിങ്ങ് ,സിഗ്‌സാഗ് ഡ്രൈവിങ്ങ് ,ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പെടുത്തി പരിഷ്‌കരിക്കും.
6. പ്രതിദിനം ഒരു എം വി ഐ യും എ എം വി ഐ ഉം ചേര്‍ന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട എണ്ണം 30 ആയി നിജപ്പെടുത്തി.
7. ഡ്രൈവിങ്ങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്‌കൂളിന്റെ എല്‍ എം വി വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യുന്നതിന് ഡാഷ് ബോര്‍ഡ് ക്യാമറയും, വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസും ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് ഓഫീസിലെ കമ്പൂട്ടറില്‍ കോപ്പി ചെയ്ത് 3 മാസം വരെ സൂക്ഷിക്കേണ്ടതാണ്.
8. എല്‍ എം വി ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്,സിഗ്‌സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം പരിശോധിക്കണം.