ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു
ലഹരിക്കേസുമായി ബന്ധപ്പെട്ട കരുതല്‍ തടങ്കലിനു വേണ്ടിയാണ് അജു മന്‍സൂര്‍ എന്ന പ്രതിയെ പൊലീസ് പിടികൂടിയത്
ലഹരിമരുന്ന് കേസില്‍ പൊലീസ് പിടികൂടിയ പ്രതി സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയത് ഭാര്യയുടെ സഹായത്തോടെ. കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് നാടകീയ സംഭവങ്ങള്‍.
ലഹരിക്കേസുമായി ബന്ധപ്പെട്ട കരുതല്‍ തടങ്കലിനു വേണ്ടിയാണ് അജു മന്‍സൂര്‍ എന്ന പ്രതിയെ പൊലീസ് പിടികൂടിയത്. ഈ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ട ഫോമുകളില്‍ ഒപ്പിടുന്ന സമയത്ത് പ്രതി ഇറങ്ങിയോടി.
ഈ സമയത്ത് അജുവിന്റെ ഭാര്യ ബിന്‍ഷി പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബിന്‍ഷിയുടെ സ്‌കൂട്ടറില്‍ കയറിയാണ് അജു രക്ഷപ്പെട്ടത്. ബിന്‍ഷിയെയും നേരത്തെ ലഹരിമരുന്ന് കേസില്‍ പിടികൂടിയിട്ടുണ്ട്. ഇരുവരെയും കണ്ടെത്താന്‍ പൊലീസ് ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണ്.