യൂട്യൂബ് വ്‌ളോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെ തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനും 17 പേരെ അറസ്റ്റ് ചെയ്തു. ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ആരാധകരാണ് ഇവര്‍. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്‌ളോഗര്‍മാരുടെ വാഹനം നിയമലംഘനത്തിന്റെ പേരില്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം അറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസ് പരിസരത്ത് തടിച്ചുകൂടി.
വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്‌ളോഗര്‍മാര്‍ തന്നെ പോസ്റ്റ് ചെയ്ത വിഡിയോയില്‍നിന്നാണ് ഇവര്‍ കണ്ണൂരിലെ ഓഫീസില്‍ എത്തുന്ന വിവരവും സമയവും ആരാധകര്‍ അറിഞ്ഞത്. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിര്‍ത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകര്‍ സെല്‍ഫിയെടുക്കുന്നുണ്ടായിരുന്നു.
ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനു ശേഷം നിരവധി ആരാധകരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതും പോസ്റ്റുകള്‍ ഇട്ടതും. കേരളം കത്തിക്കുമെന്നും കേരള പൊലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുമെന്നും പലരും ആഹ്വാനം ചെയ്തിരുന്നു. ഇത്തരക്കാരെയും പൊലീസ് പൊക്കി.