പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വീഡിയോ പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സാമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വീഡിയോ പ്രചരിച്ചതില്‍ അധ്യാപകര്‍ക്കെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി എത്തിയത്. 18 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയുടെ വീഡിയോ പ്രചരിച്ചതിലാണ് വിമര്‍ശനം.
പാലക്കാട് ആനക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളില്‍ ഫോണ്‍ കൊണ്ടുവരുന്നതിന് അനുവാദമില്ല. എന്നാല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫോണ്‍ കൊണ്ടു വരികയും മൊബൈല്‍ ഫോണ്‍ അധ്യാപകന്‍ പിടിച്ചു വെക്കുകയായിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥി പ്രതിഷേധിച്ചു.
പിന്നാലെ പ്രധാനാധ്യാപകന്റെ മുറിയിലേക്ക് കുട്ടിയോട് വരാന്‍ ആവശ്യപ്പെട്ടു. ഇവിടെ വെച്ചാണ് വിദ്യാര്‍ത്ഥി അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.