ശ്രീലേഖയുടെ 'ഐപിഎസ്' തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ നിന്ന് നീക്കം ചെയ്ത് ഇലക്ഷന്‍ കമ്മീഷന്‍
ശ്രീലേഖയുടെ പേരിനൊപ്പം ഉള്ള 'ഐപിഎസ്' തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു.
നഗരസഭയിലെ ശാസ്തമംഗലം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ആര്‍ ശ്രീലേഖയുടെ പേരിനൊപ്പം ഉള്ള 'ഐപിഎസ്' തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടി എസ് രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷവും പേരിനൊപ്പം ഐപിഎസ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ഇതിന്റെ അടിസ്ഥാനത്തില്‍ ചില സ്ഥലങ്ങളില്‍ പ്രചാരണ പോസ്റ്ററുകളില്‍ നിന്ന് ശ്രീലേഖയുടെ പേരിനൊപ്പം എഴുതിയ 'ഐപിഎസ്' തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ മുന്നോട്ടുവന്ന് ബാക്കിയുള്ള സ്ഥലങ്ങളില്‍ 'വിരമിച്ച' എന്ന് ചേര്‍ത്തു.
തന്റെ പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്‍ക്കും തന്നെ അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ലക്‌സുകളിലും ഐപിഎസും ചുവരിലെ എഴുത്തില്‍ ഐപിഎസ് (വിരമിച്ച) എന്നും എഴുതിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലുള്ള ബോര്‍ഡില്‍ ശ്രീലേഖ എന്ന പേര് മാത്രമേ ഉള്ളൂ.