എറണാകുളം : പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവ് കിരീടം ഉണ്ണിയിൽ നിന്ന് ഏഴ് ലക്ഷം രൂപാ കബളിപ്പിച്ചെടുത്ത കേസിൽ കൊച്ചിയിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്ക് കോടതി തടവും പിഴയും വിധിച്ചു. എറണാകത്തെ ജോസ് ബ്രദേഴ്സ് ആന്റ് ജോസഫ് വാളക്കുഴി കൺസ്ട്രക്ഷൻസ് ഉടമകളെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേഴതി പ്രതികൾക്ക് രണ്ടു വർഷം വീതം തടവും 20 ലക്ഷം രൂപ പിഴയും വിധിച്ചത്.
രവിപുരം ആലപ്പാട്ട് ക്രോസ് റോഡിൽ കളത്തിപ്പറമ്പിൽ വീട്ടിൽ കെ.ജെ.തോമസ്, കലൂർ ഷേണായീസ് റോഡിൽ വാളക്കുഴി വീട്ടിൽ ഔസേപ്പച്ചൻ എന്ന ജോസഫ് വാളക്കുഴി എന്നിവരെയാണ് ശിക്ഷിച്ചത്.
എറണാകുളം വില്ലേജിൽ നിർമ്മിക്കുന്ന ഗീത് മിനി കാസിൽ എന്ന ഫ്ലാറ്റ് സമുച്ചയത്തിൽ 15.67 ലക്ഷം രൂപയ്ക്ക് 3 ബെഡ് റൂമുകളോടു കൂടിയ ഫ്ലാറ്റ് നൽകാമെന്ന് 1996 മേയ് 30 ന് ഇവർ കിരീടം ഉണ്ണിയുമായി കരാർ ഉണ്ടാക്കിയിരുന്നു. 1997 ഡിസംബറിൽ ഫ്ലാറ്റ് നിർമ്മിച്ചു നൽകാമെന്നായിരുന്നു കരാർ. എന്നാൽ ഇടയ്ക്ക് വച്ചു ഫ്ലാറ്റ് നിർമ്മാണം നിലച്ചപ്പോൾ അത് പരാതിക്കാരൻ അറിയാതെ ബെട്രോൺ ബിൽഡേഴ്സിനു വിറ്റു. ഇതറിഞ്ഞ പരാതിക്കാരൻ ബെട്രോണിനെ സമീപിച്ചെങ്കിലും അവർ ഫ്ലാറ്റിന് 44 ലക്ഷം രൂപാ ആവശ്യപ്പെട്ടു.
തുടർന്നാണ് കിരീടം ഉണ്ണി പരാതി നൽകിയത്. അതാണ് 25 വർഷത്തെ പോരാട്ടത്തിനൊടുവിൽ ഇപ്പോൾ കോടതി തീർപ്പ് കൽപ്പിച്ചത്.