പുതിയ സാമ്പത്തികവർഷത്തിന്റെ തുടക്കമായ ഇന്ന് മുതൽ ഭൂമിയുടെ ന്യായ വില കൂടും. ന്യായവിലയിൽ പത്തുശതമാനം വർധന വരുത്തികൊണ്ടുള്ള വിജ്ഞാപനം ഇന്നിറങ്ങും. ഇതോടെ ഭൂമിയുടെ രജിസ്ട്രേഷൻ ചിലവ് ഉയരും.
അടിസ്ഥാന ഭൂനികുതിയിൽ ഇരട്ടിയിലേറെ വർധനയാണ് വരുന്നത്. എല്ലാ സ്ലാബുകളിലും അടിസ്ഥാന ഭൂനികുതി ഉയരും. ഇതിലൂടെ 80 കോടിയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്ര ഘടകമായ അടിസ്ഥാന ഭൂനികുതിയാണ് പരിഷ്‌കരിക്കുന്നത്.
ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും വിപണിവിലയുമായി പൊരുത്തപ്പെടുന്നില്ല. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ 10% ഒറ്റത്തവണ വർധന നടപ്പിലാക്കും. ഇതുവഴി 200 കോടിയുടെ അധികവരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വാഹന രജിസ്ട്രേഷൻ നിരക്കും ഇന്ന് മുതൽ ഉയരും.
വാഹനരജിസ്ട്രേഷന് പുറമെ ഫിറ്റ്‌നസ് നിരക്കുകളും ഉയരും. സംസ്ഥാനത്ത് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഹരിത നികുതിയും ഇന്ന് മുതൽ നിലവിൽ വരും.വർധിച്ച വെള്ളക്കരവും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് ഡിജിറ്റൽ ആസ്തികൾക്ക് ഇന്ന് മുതൽ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകൾക്കും ഇത് ബാധകമാണ്.