മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാര്‍ ജോണി പിടിയിൽ
മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാര്‍ ജോണി പിടിയിൽ
മലയാറ്റൂരിൽ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പള്ളിയിലെ മുൻ കപ്യാർ ജോണിയാണ് (52) പിടിയിലായത്. ഉച്ചയ്ക്ക് 1.15ഓടെ മലയാറ്റൂര്‍ അടിവാരത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
മലയാറ്റൂർ കുരിശു മുടിയുടെ ഒന്നാം സ്ഥലത്തിന് സമീപത്തു നിന്നാണ് ജോണിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ജോണി വനത്തിലേക്ക് കടന്നിരുന്നു. പൊലീസിനൊപ്പം നാട്ടുകാരും തിരച്ചില്‍ ശക്തമാക്കിയതോടെ കുരിശുമുടിയുടെ സമീപത്തായുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പന്നി ഫാമില്‍ ഒളിക്കുകയായിരുന്നു ഇയാള്‍.
പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജോണിയെ പിടികൂടിയത്. ഇയാള്‍ അവശനിലയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രതിയെ ഉടന്‍ തന്നെ കാലടി പൊലീസ് സ്‌റ്റേഷനിലെക്ക് കൊണ്ടുവരും.
ജോണിക്ക് വികാരിയോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വയറ്റിലും ഇടതു തുടയിലുമാണ് വൈദികന് കുത്തേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടയായിരുന്നു സംഭവം. കൃത്യം നടത്താൻ ഉപയോഗിച്ച കത്തി വ്യാഴാഴ്ച സംഭവസ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തിരുന്നു.