Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ്

Veena George

അഭിറാം മനോഹർ

, തിങ്കള്‍, 24 ഫെബ്രുവരി 2025 (18:13 IST)
കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കാനുള്ള ലക്ഷ്യത്തോടെ, ജില്ലാ ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഫാറ്റി ലിവര്‍ രോഗം പോലുള്ള കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാനാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ജനസംഖ്യയില്‍ ഒരു വലിയ ശതമാനം ആളുകളെ നിശബ്ദമായി ബാധിക്കുന്ന നോണ്‍-ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്ന രോഗം ഇന്ന് ഒരു പ്രധാന ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ആരോഗ്യ വകുപ്പ് ഈ രോഗത്തിനെതിരെ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തുകയാണ് പദ്ധതിയുടെ ഉദ്ദേശം.
 
ജില്ലാ ആശുപത്രികളില്‍ ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനമെമ്പാടും ഈ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യം.
 
ഫാറ്റി ലിവര്‍ ക്ലിനിക്കുകളില്‍ രക്ത പരിശോധന, സ്‌കാനിംഗ് തുടങ്ങിയ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ, കരളിന്റെ കാഠിന്യം അളക്കാനുള്ള ഫൈബ്രോസ്‌കാന്‍ മെഷീന്‍ പോലുള്ള ആധുനിക ഉപകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുമുമ്പ്, പ്രധാന മെഡിക്കല്‍ കോളേജുകളില്‍ മാത്രമായിരുന്നു ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
 
ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടെത്താതെ വിട്ടുപോയാല്‍, കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. മദ്യപാനം, മരുന്നുകളുടെ ദുരുപയോഗം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് കാരണമെന്ന് പലരും കരുതുന്നുണ്ടെങ്കിലും, നോണ്‍-ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം ഇവയുമായി ബന്ധമില്ലാതെയും ഉണ്ടാകാറുണ്ട്. ഈ രോഗത്തിന് പ്രാരംഭ ഘട്ടങ്ങളില്‍ വലിയ ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍, കണ്ടെത്താന്‍ താമസിക്കുകയും ചിലപ്പോള്‍ ലിവര്‍ സിറോസിസ് അല്ലെങ്കില്‍ കാന്‍സര്‍ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങുകയും ചെയ്യാം. എന്നാല്‍, നേരത്തെ കണ്ടെത്തി ചികിത്സിക്കുകയും ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ ഈ രോഗത്തെ നിയന്ത്രിക്കാനാകും. ഈ ലക്ഷ്യത്തിനായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ഒരു വലിയ ചുവടുവെപ്പായിരിക്കും.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി