തൊഴില്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ പോലീസ് അറസ്‌റ് ചെയ്തു. ചവറ കോട്ടയ്ക്കകം മാണുവേലില്‍ വീട്ടില്‍ പൊതുപ്രവര്‍ത്തകനായ സദാനന്ദന്‍ (55), തിരുവനന്തപുരം മലയിന്‍കീഴ് വിവേകാനന്ദ നഗര്‍ അനിഴം വീട്ടില്‍ ഗീതാറാണി എന്ന ഗീതാ രാജഗോപാല്‍ (60) എന്നിവരാണ് പോലീസ് വലയിലായത്.
തൊഴില്‍ നല്‍കാം എന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയ ശേഷം വ്യാജ നിയമന ഉത്തരവുകള്‍ നല്‍കുകയായിരുന്നു ഇവരുടെ രീതി.ഇവര്‍ നല്‍കിയ നിയമന ഉത്തരവുമായി ചവറ സ്വദേശി പ്രജിത് ചവറ ശങ്കരമംഗലം കെ.എം.എം.എല്‍ കമ്പനിയില്‍ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.പ്രജിത് ഉടന്‍ ചവറ പോലീസില്‍ നല്‍കി .
ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി അന്വേഷിക്കുകയും സിവില്‍ പോലീസ് ഓഫീസറായ അനുവിനെ കൊണ്ട് ജോലി ആവശ്യപ്പെട്ട് ഗീതാ റാണിക്ക് ഫോണ്‍ ചെയ്തു. നിശ്ചിത തുകയുമായി തിരുവനന്തപുരത്ത് എത്തുകയും പോലീസ് കൈയോടെ ഇവരെ പിടികൂടുകയുമായിരുന്നു.