Publish Date: Fri, 06 Nov 2020 (17:54 IST)
Updated Date: Fri, 06 Nov 2020 (17:56 IST)
കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നു പേരെ കളമശ്ശേരിയില്‍ പോലീസ് പിടികൂടി.
സംഭവത്തോട് അനുബന്ധിച്ച് നായരമ്പലം പൂഞ്ചെപ്പാലത്തിനു സമീപം പുള്ളാല്‍പ്പാടം വീട്ടില്‍ അനുപമ രഞജിത് (22), മാറാട് തുരുത്തി അമ്പലത്തിനടുത്ത് കാട്ടിത്തറ റോഡ് മംഗലപ്പള്ളി വീട്ടില്‍ റോഷ് വിന്‍ (23), കുന്നത്തുനാട് വാഴക്കുളം താനിപ്പറമ്പില്‍ വീട്ടില്‍ ജംഷാദ് (25) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തൊന്നിനു രാത്രിയാണ് സംഭവം നടന്നത്. വനിതാ തിയേറ്ററിനു അടുത്തുള്ള ഹോട്ടലിലേക്ക് സ്ഥലക്കച്ചവടം സംസാരിക്കാന്‍ എന്ന വ്യാജേന മുഹമ്മദ് അജ്മല്‍ ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷം അജ്മല്‍ പുറത്തുപോയി. തൊട്ടുപിറകെ മറ്റുള്ളവര്‍ ആയുധങ്ങളുമായി എത്തി ഡോക്ടറെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയില്‍ കൊണ്ടുപോയി നഗ്‌നനാക്കി. കേസിലെ പ്രതിയായ അനുപമയെ ചേര്‍ത്ത് നിര്‍ത്തി ഡോക്ടറുമൊത്തുള്ള ഫോട്ടോ, വീഡിയോ എന്നിവയെടുത്ത് ശേഷം അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റികകൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് കളമശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്‌റ് ചെയ്തത്.