ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായി നടൻ ജി. കൃഷ്ണകുമാർ
കേന്ദ്ര സർക്കാരിന്റെ നിയമനം; ഇന്ത്യൻ സിനിമയുടെ വളർച്ചയിൽ നിർണായക ചുമതല
Publish Date: Thu, 09 Apr 2026 (10:21 IST)
Updated Date: Thu, 09 Apr 2026 (10:23 IST)
ന്യൂഡല്‍ഹി: മലയാള സിനിമയിലും ടെലിവിഷന്‍ മേഖലയിലും സുപരിചിതനായ നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പാര്‍ട് ടൈം ചെയര്‍മാനായി നിയമിച്ചു. 3 വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി അംഗീകാരത്തോടെ നിയമനം നടപ്പിലാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എന്‍എഫ്ഡിസിയുടെ പാര്‍ട്ട്-ടൈം ചെയര്‍മാന്‍ സ്ഥാനത്തിനൊപ്പം കോര്‍പ്പറേഷന്റെ നോണ്‍-ഓഫീഷ്യല്‍ ഡയറക്ടറായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയുടെ വികസനത്തിനും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാനും നിര്‍ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് എന്‍എഫ്ഡിസി.
സിനിമ നിര്‍മ്മാണം, ഫണ്ടിംഗ്, അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കല്‍, ദേശീയ ഫിലിം ആര്‍ക്കൈവ് പരിപാലനം തുടങ്ങിയവ എന്‍എഫ്ഡിസിയുടെ ചുമതലയാണ്. ഫോണ്‍ കോളിലൂടെയാണ് നിയമനം സംബന്ധിച്ച വിവരം ലഭിച്ചതെന്നും വലിയ സന്തോഷത്തോടെ ചുമതല ഏറ്റെടുക്കുന്നതായും കൃഷ്ണകുമാര്‍ പ്രതികരിച്ചു. ഈ മാസം 15ന് ഡല്‍ഹിയിലെത്തിയ ശേഷമാകും കൃഷ്ണകുമാര്‍ ചുമതലയേറ്റെടുക്കുക.