തിരുവനന്തപുരം: സ്വർണക്കടത്തുകേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് ചെന്നിത്തല.സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമാണെന്നും സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടാകുന്നത്.യന്തന്ത്ര ചാനൽ ഉപയോഗപ്പെടുത്തി കോടികളുടെ അഴിമതി നടന്നത് അതീവ ഗൗരവമായ വിഷയമാണ്. മുഖ്യമന്ത്രിക്ക് ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ല.സ്വപ്നക്ക് ഐടി വകുപ്പിൽ ജോലി കിട്ടി. ഐ ടി സെക്രട്ടറിക്ക് എന്താണ് ഇതിൽ ഉത്തരവാദിത്വം? സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ബന്ധപ്പെട്ട ആൾ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര തലത്തിൽ പ്രത്യാഘാതം ഉണ്ടാക്കാവുന്ന സംഭവമാണിത്.മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കണം. പിഡബ്ല്യുസിക്ക് ഇതിൽ എന്താണ് ബന്ധം? ഗൂഢസംഘങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുവെന്നും സ്വപ്നയ്ക്ക് മുഖ്യമന്ത്രിയമായി ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.