തിരുവനന്തപുരം വിമാനത്താവള സ്വർണ്ണക്കറ്റത്തു കേസിലെ മുഖ്യ ആസൂത്രകയായ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷാണെന്ന നിര്‍ണ്ണായക വിവരം പുറത്തായതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.മുഖ്യമന്ത്രി നേരിട്ട് ചുമതല വഹിക്കുന്ന ഐടി വകുപ്പിന് കീഴിലുള്ള ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരായിരുന്നു സ്വപ്‌ന. സ്വപ്‌നയെ ഐടി വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടെങ്കിലും സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് പുറത്ത് വരണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഉമ്മൻ ചാണ്ടിയുടേത് പോലെ പിണറായിയുടെ ഓഫീസും മാഫിയാ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. വിമാനത്താവളത്തിൽ ഇത്രയും സ്വാധീനമുല്ല വ്യക്തി എങ്ങനെയാണ് ഐടി വകുപ്പിന് കീഴിലുള്ള പോസ്റ്റിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിനെ ഐടി സെക്രട്ടറി വിളിച്ചിട്ടുണ്ട്. ഐടി സെക്രട്ടറിയുടെ ഫോൺ വിളി വിശദാംശങ്ങൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരെ സഹായിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
മനസാക്ഷി സൂക്ഷിപ്പുകാരനാണ് ഐടി സെക്രട്ടറിയെന്നും സോളാർ കേസ് പോലെ തന്നെ കുറേ കാര്യങ്ങൾ പുറത്തുവരുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.