യുഎഇ കോൺസുലേറ്റ് സ്വർണത്തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് വകുപ്പ് കണ്ടെത്തിയ സ്വപ്ന സുരേഷിനെ ഐടി വകുപ്പ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കെഎസ്ഐടിഎല്ലിന് കീഴിൽ സ്പേസ് പാർക്കിന്റെ മാർക്കറ്റിംഗ് ലൈസൻ ഓഫീസർ ആയിരുന്നു സ്വപ്ന.
യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോ ഉപയോഗിച്ച് 15 കോടിയുടെ സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. എന്നാൽ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.സ്വപ്ന നേരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്നു. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നക്കായി തിരച്ചിൽ തുടരുകയാണ്.
കേസിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തും സ്വപ്നയും തിരുവനന്തപുരത്തെ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇരുവരും മുൻപും ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കറ്റത്തിയിരുന്നുവെന്നാണ് വിവരം.വിമാനത്താവളത്തിൽ ബാഗ് എത്തിയാൽ ക്ലിയറിംഗ് ഏജന്റിന് മുന്നിൽ വ്യാജ ഐഡി കാർഡ് കാണിച്ച് ഏറ്റുവാങ്ങുകയാണ് പതിവ്. നയതന്ത്ര ബാഗാണ് എന്നതിനുള്ള അറ്റഷെ ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു.
ഇതോടെ കോൺസുലേറ്റിലെ മറ്റ് പലർക്കും ഈ തട്ടിപ്പിൽ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. സ്വപ്‌ന സുരേഷിനെ പിടികൂടാൻ സാധിച്ചെങ്കിലെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളു.രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളിലൊക്കെയുള്ള തന്റെ ഉന്നത ബന്ധങ്ങൾ സ്വപ്ന തട്ടിപ്പിന് ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തെത്തിക്കുന്ന സ്വർണം ആർക്കാണ് കൈമാറിയിരുന്നത് എന്നതിനെ സംബന്ധിച്ചും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.