തിരുവനന്തപുരം: മദ്യവിൽപനയ്‌ക്കുള്ള ടോക്കൺ വിതരണം ചെയ്യുന്ന പദ്ധതി പരാജയമായെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. എക്സൈസ് മന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ചെറിയ ചില പോരായ്മകൾ പരിഹരിച്ചാൽ ആപ്പ് പ്രവർത്തസജ്ജമാകുമെന്ന ഐടി വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് ആപ്പുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്.ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്നു വൈകിട്ടോടെ പരിഹരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.ആപ്പിന്റെ പ്രവർത്തം ഐടി സെക്രട്ടറി എം.ശിവശങ്കറും സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ സജി ഗോപീനാഥും നേരിട്ടെത്തി പരിശോധിക്കും.
അതേസമയം ബെവ്‌ക്യൂ ആപ്പ് നിർമിച്ച ഫെയർകോഡ് കമ്പനി കമ്പനിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആപ്പ് നിശ്ചലമായതോടെ ഇന്ന് ടോക്കണില്ലാതെയാണ് സ്വകാര്യബാറുകൾ പലയിടത്തും മദ്യവിതരണം നടത്തിയത്.ആദ്യ ദിവസത്തെ പ്രശ്‌നങ്ങൾ ഇന്നത്തോടെ പരിഹരിക്കുമെന്നാണ് ആപ്പ് അധികൃതർ പറഞ്ഞിരുന്നത്. ഇതോടെയാണ് യാതൊരു വിശദീകരണവും നൽകാതെ കമ്പനി ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും നീക്കം ചെയ്‌തത്.