Greeshma: 'മുന്‍പ് കഷായം കുടിക്കാന്ന് ചലഞ്ച് ചെയ്തു പറഞ്ഞിരുന്നില്ലേ, കുടിക്ക്'; എല്ലാം ആലോചിച്ചു ഉറപ്പിച്ച ശേഷം, ഗ്രീഷ്മയുടെ 'അഭിനയം' വിനയായി
താന്‍ കുടിക്കുന്ന കഷായത്തെ കുറിച്ച് ഗ്രീഷ്മ പലപ്പോഴായി ഷാരോണിനോടു പറഞ്ഞിട്ടുണ്ട്
Sharon Raj Murder Case - Greeshma
Greeshma: ഷാരോണ്‍ രാജിനെ തന്റെ വീട്ടിലെത്തിച്ചതു മുതല്‍ കഷായം നല്‍കിയതു വരെ വിദഗ്ധമായ പ്ലാനിങ് ആയിരുന്നു ഗ്രീഷ്മയ്ക്ക്. ഷാരോണിനെ കഷായം കുടിപ്പിക്കണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന് ഗ്രീഷ്മ മുന്‍പേ തന്നെ പദ്ധതിയിട്ടിരുന്നു. അതിന്റെ ആദ്യ പടിയാണ് താന്‍ കുടിക്കുന്ന കഷായം കയ്പ്പുള്ളതാണെന്നും വേറെ ആര്‍ക്കും കുടിക്കാന്‍ പറ്റില്ലെന്നുമുള്ള അവകാശവാദം.
താന്‍ കുടിക്കുന്ന കഷായത്തെ കുറിച്ച് ഗ്രീഷ്മ പലപ്പോഴായി ഷാരോണിനോടു പറഞ്ഞിട്ടുണ്ട്. എത്ര കയ്പ്പുണ്ടെങ്കിലും താനും കുടിക്കുമെന്നാണ് ഷാരോണ്‍ അന്നൊക്കെ കളിമട്ടില്‍ തിരിച്ചുപറഞ്ഞത്. 2022 ഒക്ടോബര്‍ 14 നാണ് കൊലപാതകത്തിനുള്ള പദ്ധതികളെല്ലാം തയ്യാറാക്കി ഗ്രീഷ്മ ഷാരോണ്‍ രാജിനെ തന്റെ വീട്ടിലേക്കു വിളിച്ചത്. ലൈംഗികബന്ധത്തിനെന്ന് നിര്‍ബന്ധിച്ചാണ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിപ്പിച്ചത്. ഇവിടെ വച്ചാണ് ഗ്രീഷ്മ കളനാശിനി കലര്‍ത്തിയ കഷായം കൊടുക്കുന്നത്.
കഷായത്തില്‍ കലര്‍ത്താനുള്ള വിഷവസ്തു നേരത്തെ തന്നെ ഗ്രീഷ്മ വാങ്ങിവെച്ചിരുന്നു. സംഭവം നടക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഇക്കാര്യം ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞതായും പൊലീസിനു തെളിവുകള്‍ ലഭിച്ചു. വീട്ടിലെ കിടപ്പു മുറിയില്‍ എത്തിയ ഗ്രീഷ്മ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഒരിക്കല്‍ കൂടി ഷാരോണിനെ നിര്‍ബന്ധിച്ചതായും ഇതു നിരസിച്ചതോടെയാണ് കഷായം ചലഞ്ചിലൂടെ വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കിയതെന്നും പറയുന്നു. 'മുന്‍പ് കഷായം കുടിക്കാന്ന് ചലഞ്ച് ചെയ്ത് പറഞ്ഞിരുന്നതല്ലെ? ദാ ഇരിക്കണ്, കുടിക്കിന്‍' എന്നായിരുന്നു ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞതെന്നും കോടതി വിധിയില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ഷാരോണിന്റെ മരണത്തിനു ശേഷം ഗ്രീഷ്മ നടത്തിയ 'അമിതാഭിനയം' അന്വേഷണസംഘത്തിനു അത്ര ദഹിച്ചിരുന്നില്ല. ആദ്യമായി സംസാരിച്ച നിമിഷം മുതല്‍ ഗ്രീഷ്മ പൊലീസിന്റെ സംശയ വലയത്തില്‍ ഉണ്ടായിരുന്നു. ഗ്രീഷ്മയുടെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി കൂടി ലഭിച്ചതോടെ കാര്യങ്ങള്‍ ഏറെക്കുറെ പൊലീസിനു വ്യക്തമായി. സംഭവശേഷം ഗ്രീഷ്മ ഷാരോണ്‍ രാജിന്റെ സഹോദരനു അയച്ച വോയിസ് മെസേജും പൊലീസ് പരിശോധിച്ചിരുന്നു. അന്ന് ഗ്രീഷ്മ പറഞ്ഞത് ഇങ്ങനെയാണ്: ' ഞാന്‍ കുടിച്ചോണ്ടിരുന്ന സാധനമാണ് അച്ചായന് കൊടുത്തത്. ഇന്ന് രാവിലെയും ഞാന്‍ അത് കുടിച്ചു. അല്ലാതെ വല്ലതും ഞാന്‍ എടുത്ത് കൊടുക്കോ ? ഞാന്‍ അന്ന് രാവിലെയും കഴിച്ചു. എല്ലാം കൂടി കേട്ടിട്ട് എനിക്ക്...ഇവിടെ നിന്ന് പോയ്സന്‍ ആയിട്ടില്ല. ഇവിടെ നിന്ന് വേറെ ഒന്നും കഴിച്ചില്ല.' ഗ്രീഷ്മ കഷായത്തെ കുറിച്ച് പറഞ്ഞതിനു പിന്നാലെയാണ് പൊലീസ് വളരെ വിദഗ്ധമായി അന്വേഷണം മുന്നോട്ടു കൊണ്ടുപോയത്. ഗ്രീഷ്മ ഇതിനു മുന്‍പും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിനു കൃത്യമായി കഴിഞ്ഞു. ഇതാണ് പ്രതിക്ക് പരമാവധി ശിക്ഷയായ തൂക്കുകയര്‍ കിട്ടുന്നതിലേക്ക് കൊണ്ടെത്തിച്ചത്.