Publish Date: Sun, 23 Jan 2022 (10:45 IST)
Updated Date: Sun, 23 Jan 2022 (10:47 IST)
കിളിമാനൂർ: കേവലം ഏഴു വയസു മാത്രമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കിഴക്കനേല കടമ്പാട്ടുകോണം മിഥുൻ ഭവനിൽ അച്ചു എന്ന മിഥുനെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ മുപ്പത്തിനാണ് വീട്ടിൽ കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പ്രതി അറസ്റ്റിലായത്. 24 വയസിനിടെ ഇയാൾക്കെതിരെ നാൽപ്പതിലേറെ ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലഹരി വസ്തുക്കൾക്ക് അടിമയായ ഇയാൾക്കെതിരെ ജില്ലയിലും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളാണുള്ളത്. ഇതിനൊപ്പം കൊല്ലം ജില്ലയിലെ സ്ഥിരം കുറ്റവാളി പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. പിടിച്ചുപറി, മാലപൊട്ടിക്കൽ തുടങ്ങി പതിനാലു കേസുകൾ തമിഴ്‌നാട്ടിൽ മാത്രം ഇയാൾക്കെതിരെയുണ്ട്.
വിലകൂടിയ ബൈക്കുകളിൽ സഞ്ചരിച്ച് സ്ത്രീകളെ അടിച്ചുവീഴ്ത്തി മാലപൊട്ടിച്ചു കടക്കുകയാണ് ഇയാളുടെ രീതി. പള്ളിക്കൽ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പുലർച്ചെ വെട്ടിയറയിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.