ഹര്‍ത്താല്‍: സ്വകാര്യ ബസുകള്‍ ഓടുന്നില്ല !
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കെതിരെ ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്വകാര്യ ബസ് സര്‍വീസ് നിശ്ചലം. സ്വകാര്യ വാഹനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തത്.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കെതിരെ ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണിനു പരുക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ആലപ്പുഴ വളഞ്ഞവഴിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറ് നടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ അടക്കം തടയുന്നുണ്ട്.