കൊവിഡ്‌കാലത്ത് പ്രതിഷേധസമരങ്ങൾ പാടില്ലെന്ന് കേന്ദ്രസർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. കേന്ദ്രനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.മാനദണ്ഡങ്ങൾ ലംഘിച്ച് സമരം നടന്നാൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും നോട്ടീസയക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിർദേശം.രാഷ്ട്രീയ പാർട്ടികൾ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങൾ കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കുമെന്നാണ് ഹർജിക്കാരുടെ വാദം. ഇത്തരത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.