രാഹുലിൽ നിന്നും പാർട്ടി പരസ്യമായി അകലം പാലിക്കണമായിരുന്നു, കെപിസിസി- ഡിസിസി ഭാരവാഹി യോഗത്തിൽ വിമർശനവുമായി വി ടി ബൽറാം
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഉപദേശകനായി കണക്കാക്കപ്പെടുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ യോഗത്തില്‍ പങ്കെടുത്തില്ല.
ലൈംഗികാരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിങ്കളാഴ്ച നിയമസഭയിലെത്തിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത. രാഹുല്‍ സഭയിലെത്തിയതില്‍ പ്രതിപക്ഷ നേതാവായ വി ഡി സതീശന് കടുത്ത അതൃപ്തിയുണ്ട്.മുതിര്‍ന്ന നേതാക്കളില്‍ പലരും രാഹുലിനെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ ഈ വിഷയത്തെ പറ്റി ഒന്നും പ്രതികരിക്കാന്‍ സതീശന്‍ തയ്യാറായില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഉപദേശകനായി കണക്കാക്കപ്പെടുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ യോഗത്തില്‍ പങ്കെടുത്തില്ല. അതേസമയം നിയമസഭയിലെത്തിയ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ അനുഗമിച്ചതില്‍ കടുത്ത വിമര്‍ശനമാണ് കെപിസിസി വൈസ് പ്രസിഡന്റായ വിടി ബല്‍റാം നടത്തിയത്. ഇത്തരമൊരു നടപടിയെ സമൂഹമാധ്യമങ്ങളില്‍ എങ്ങനെ പ്രതിരോധിക്കുമെന്ന് ചോദിച്ച ബല്‍റാം രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സമീപനം സ്വീകരിക്കുന്ന മുതിര്‍ന്ന നേതാക്കളെയും വിമര്‍ശിച്ചു.
പാര്‍ട്ടി രാഹുലില്‍ നിന്നും പരസ്യമായ അകലം പാലിക്കണമായിരുന്നുവെന്ന് ബല്‍റാം വ്യക്തമാക്കി. കെ മുരളീധരനും രാഹുല്‍ നിയമസഭയിലെത്തിയതിനെ വിമര്‍ശിച്ചു. അതേസമയം വി ഡി സതീശനെതിരെയുള്ള സൈബര്‍ ആക്രമണങ്ങളെയും കെ മുരളീധരന്‍ രൂക്ഷമായി വിമര്‍ശിച്ചു.സൈബര്‍ ആക്രമണങ്ങളില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.