1971 മുതല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തുവരുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരമെങ്കിലും കേരളത്തില്‍ ഇത്തവണ ഒരു മാസത്തിനിടെ മാത്രം 6 മരണങ്ങളാണ് രോഗം മൂലം സംഭവിച്ചത്. കെട്ടികിടക്കുന്ന മലിനവെള്ളത്തില്‍ കുളിക്കുന്നതാണ് രോഗകാരണമെന്നാണ് ഇതുവരെ കരുതിയിരുന്നതെങ്കിലും കുളിമുറിയില്‍ കുളിക്കുന്നവര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ വിശദമായ പഠനം ആവശ്യമാണെന്ന നിലപാടിലാണ് ആരോഗ്യവിദഗ്ധര്‍.
തിരുവനന്തപുരം ജില്ലയില്‍ മാത്രം 2 വര്‍ഷത്തിനിടെ 51 പേര്‍ക്ക് രോഗം ബാധിക്കുകയും ഇതില്‍ 6 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗത്തിന്റെ രാജ്യാന്തര മരണനിരക്ക് 97 ശതമാനമാണെന്നിരിക്കെ ഇത് 24 ശതമാനമായി നിയന്ത്രിക്കാന്‍ സംസ്ഥാനത്തിനായിട്ടുണ്ട്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കളക്കുകള്‍ പ്രകാരം സംസ്ഥാനത്ത് അര ലക്ഷത്തോളം കിണറുകളുണ്ട്. ഇവ കൃത്യമായ ഇടവേളകളില്‍ ശുചികരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തില്‍ 16 % മാത്രമാണ് ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്. ബാക്കിയെല്ലാം മണ്ണിലേക്ക് ഒഴുക്കിവിടുകയാണ്. ഇതാണ് കുളിമുറി ഉപയോഗിക്കുന്നവരിലും രോഗം കണ്ടെത്താന്‍ കാരണമെന്നാണ് നിഗമനം. കിണറുകളും മാലിന്യടാങ്കുകളും തമ്മിലുള്ള അകലം ഉറപ്പാക്കാനും ഇടപെടല്‍ ഈ ഘട്ടത്തില്‍ ആവശ്യമാണെന്നും കൂടുതല്‍ ബോധവത്കരണം വിഷയത്തില്‍ നടത്തണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെടുന്നത്.