ശബരിമലയിലും എരുമേലിയിലും കെമിക്കല്‍ കുങ്കുമം, പ്ലാസ്റ്റിക് ഷാംപൂ സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു
പ്ലാസ്റ്റിക് സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു
ശബരിമലയിലും എരുമേലിയിലും രാസവസ്തുക്കള്‍ അടങ്ങിയ കുങ്കുമം, പ്ലാസ്റ്റിക് സാഷെ പാക്കറ്റുകള്‍ എന്നിവയുടെ വില്‍പ്പന ഹൈക്കോടതി നിരോധിച്ചു. ഇത് ഉറപ്പാക്കാന്‍ ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ. വി. ജയകുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി. മണ്ഡല തീര്‍ത്ഥാടനകാലത്ത് സ്റ്റേജിംഗ് ഏരിയകളില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടെ ഹൈക്കോടതി സ്വമേധയാ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു.
ശബരിമലയിലും പമ്പയിലും പ്ലാസ്റ്റിക് നിരോധനം ലംഘിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. എരുമേലിയില്‍ ഉപേക്ഷിക്കുന്ന രാസ കുങ്കുമവും ഷാംപൂ പാക്കറ്റുകളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് നിര്‍ദ്ദേശം. നേരത്തെ, മഞ്ഞളും പ്രകൃതിദത്ത ചേരുവകളും ഉപയോഗിച്ചാണ് കുങ്കുമം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിപണികളില്‍ മുന്നില്‍ നില്‍ക്കുന്നത് രാസ കുങ്കുമമാണ്. പേട്ടതുള്ളലില്‍ വരുന്നവര്‍ കുങ്കുമം വിതറും.
അവര്‍ സ്വയം കഴുകാന്‍ ധാരാളം ഷാംപൂ/സോപ്പ് എന്നിവ ഉപയോഗിക്കും. ഇവയുടെ പാക്കറ്റുകള്‍ നദിയിലേക്ക് എറിയുന്നതായും ചൂണ്ടിക്കാണിച്ചു. ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കാന്‍ എരുമേലി പഞ്ചായത്തും ചെങ്ങന്നൂര്‍ നഗരസഭയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വഴി നടപടി സ്വീകരിക്കണം. വിഷയം വീണ്ടും പരിഗണിക്കുന്ന 12-ാം തീയതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു.