സുപ്രീംകോടതി വിധി: കേരളത്തിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എംബി രാജേഷ്
മാറ്റണമെന്ന നിര്‍ദ്ദേശം വന്നാല്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും മാറ്റുക എന്നത് പ്രായോഗികമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. സുപ്രീംകോടതിയുടെ വിധി പകര്‍പ്പ് കൈയില്‍ കിട്ടിയിട്ടില്ലെന്നും തെരുവുനായ്ക്കളെ മുഴുവന്‍ മാറ്റണമെന്ന നിര്‍ദ്ദേശം വന്നാല്‍ അപ്പോള്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
എബിസി ഷെല്‍ട്ടര്‍ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് മന്ത്രി പറഞ്ഞു. കണക്കുകള്‍ പ്രകാരം 2.8 ലക്ഷത്തിലധികം തെരുനായ്ക്കള്‍ കേരളത്തിലുണ്ട്. തെരുവുനായ്ക്കളെ പൊതുസ്ഥലത്തുനിന്ന് നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവ് കേരളത്തിനു വെല്ലുവിളിയാകും. നായ്ക്കളെ പാര്‍പ്പിക്കാനുള്ള ഹോമുകള്‍ക്ക് സ്ഥലം കണ്ടെത്തുക പ്രയാസകരമാകും. കൂടുതല്‍ ജീവനക്കാരെയും ഇതിനായി നിയോഗിക്കേണ്ടിവരും. നിലവിലെ കേന്ദ്രങ്ങള്‍ പോലും കേരളത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ്, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നായ്ക്കളെ അവയുടെ ഷെല്‍ട്ടറുകളിലേക്ക് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ദേശീയ പാതകളില്‍ നിന്നും സംസ്ഥാന പാതകളില്‍ നിന്നും മറ്റ് റോഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യുന്നത് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നാഷണല്‍ ഹൈവേ അതോറിറ്റിക്കും പൗര സ്ഥാപനങ്ങള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ തെരുവ് നായ്ക്കളെ പ്രവേശിക്കുന്നത് തടയാന്‍ ശരിയായ മതിലുകളോ വേലികളോ നിര്‍മ്മിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരോട് കോടതി ആവശ്യപ്പെട്ടു.