നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍
നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം. ഭാഷാവകാശത്തിന്റെ പ്രഖ്യാപനം
ശിശുകേന്ദ്രിത വിദ്യാഭ്യാസം മാതൃഭാഷയിലാവേണ്ടതുണ്ട്. നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം. ഭാഷാവകാശത്തിന്റെ പ്രഖ്യാപനം എന്ന നിലയില്‍ മലയാള ഭാഷാബില്‍ കേരള സംസ്ഥാനത്തിന് ഒരു അന്തസ്സാണ്. മലയാള ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി മടക്കിയ മലയാളഭാഷാ ബില്‍ വീണ്ടും പാസാക്കാന്‍ നിയമസഭ കാണിച്ച ആര്‍ജ്ജവത്തെ അദ്ദേഹം അഭിനന്ദിച്ചു.
മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി രൂപിമ എസ്., നടുവട്ടം ഗോപാലകൃഷ്ണന്‍, ഐക്യമലയാളപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ആര്‍. നന്ദകുമാര്‍, ഹരിദാസന്‍, മലയാള ഐക്യവേദി സംസ്ഥാന ജോയിന്റ് സെക്രട്ടറി സജു കോച്ചേരി, ജില്ലാ സെക്രട്ടറി വൈഷ്ണവി, മീരാ കമല, വിനോദ് വൈശാഖി എന്നിവര്‍ സംസാരിച്ചു.
16 വര്‍ഷമായി കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് മലയാള ഐക്യവേദി. നിരന്തര സമരങ്ങളിലൂടെയും ജനകീയ പ്രചാരണങ്ങളിലൂടെയും മാത്രമേ മാതൃഭാഷാവകാശം സംരക്ഷിച്ചെടുക്കാന്‍ കഴിയൂ എന്ന സാഹചര്യത്തിലാണ് മലയാള ഐക്യവേദി രൂപപ്പെട്ടത്. കോടതിയും ഭരണവും വിദ്യാഭ്യാസവും മാതൃഭാഷയില്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലൂന്നിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. ജനകീയ വികസനം മാതൃഭാഷയില്‍ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.